
ന്യൂഡല്‍ഹി: മലയാളി താരം സഞ്ജു സാംസണ്‍ രാജസ്ഥാൻ റോയൽസ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുകയാണ്. വിവിധ ദേശീയമാധ്യമങ്ങൾ താരത്തിൻ്റെ കൂടുമാറ്റം സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടീമിനൊപ്പം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും തന്നെ റിലീസ് ചെയ്യുകയോ കൈമാറ്റം ചെയ്യുകയോ വേണമെന്ന് ആവശ്യപ്പെട്ട് സഞ്ജു, രാജസ്ഥാന്‍ മാനേജ്‌മെന്റിനെ സമീപിച്ചതായി കഴിഞ്ഞദിവസം ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ രാജസ്ഥാൻ റോയൽസ് ഒരു നിബന്ധന മുന്നോട്ടുവെച്ചതായാണ് വിവരം.
സഞ്ജുവിനെ ചെന്നൈക്ക് കൈമാറണമെങ്കിൽ പകരം രണ്ട് താരങ്ങളെ വേണമെന്നാണ് രാജസ്ഥാൻ്റെ നിലപാടെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു. സഞ്ജുവിന് പകരം രണ്ടുതാരങ്ങളെ തങ്ങൾക്ക് വേണമെന്നാണ് രാജസ്ഥാൻ്റെ ആവശ്യം. ട്രേഡ് വിന്‍ഡോയിലൂടെ സഞ്ജുവിനെ സ്വന്തമാക്കാനാണ് ചെന്നൈയുടെ പദ്ധതി. എന്നാൽ രാജസ്ഥാൻ പകരമായി രണ്ട് ചെന്നൈ താരങ്ങളെ ആവശ്യപ്പെടുകയാണ്.
സഞ്ജുവും ഫ്രാഞ്ചൈസിയും തമ്മിലുള്ള ഭിന്നത രൂക്ഷമാണെന്നാണ് നേരത്തേ പുറത്തുവന്ന റിപ്പോര്‍ട്ട്. 2026-ലെ ഐപിഎല്‍ ലേലത്തിനു മുമ്പ് തന്നെ വിട്ടയക്കണമെന്നാണ് സഞ്ജു ആവശ്യപ്പെട്ടിട്ടുള്ളത്. റോയല്‍സില്‍ തുടരാന്‍ സഞ്ജു ആഗ്രഹിക്കുന്നില്ലെന്ന് സഞ്ജുവിൻ്റെ കുടുംബാംഗത്തെ ഉദ്ധരിച്ച് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
നിലവില്‍ 2027 വരെ സഞ്ജുവിന് രാജസ്ഥാനുമായി കരാറുണ്ട്. അസന്തുഷ്ടനായ ഒരു താരത്തെ രാജസ്ഥാന്‍ ടീമില്‍ നിലനിര്‍ത്തുമോ എന്നത് കണ്ടറിയണം. മഹേന്ദ്രസിങ് ധോനിക്ക് പകരക്കാരനായാണ് സഞ്ജുവിനെ ചെന്നൈ ലക്ഷ്യമിടുന്നത്. ധോനിയുടെ ഐപിഎല്‍ കരിയര്‍ അവസാനഘട്ടത്തിലാണ്. ധോനി എത്രകാലം ചെന്നൈ ടീമില്‍ കളിക്കുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ധോനിക്ക് പകരം മറ്റൊരു വിക്കറ്റ്കീപ്പറെയും ടീമിന് വേണം. ഇതെല്ലാം കണക്കിലെടുത്താണ് സഞ്ജുവിനെ ടീമിലെത്തിക്കാന്‍ ചെന്നൈ ശ്രമിക്കുന്നത്.