
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് നീങ്ങവെ, സർക്കാരിന്റെ വികസന നേട്ടങ്ങൾ വിവരിക്കുന്ന പുതിയ പ്രചാരണ വീഡിയോയുമായി എൽഡിഎഫ്. നടി ഭാവനയാണ് ഈ വീഡിയോയിലെ പ്രധാന ആകർഷണം. വീണ്ടും തുടരും, നമ്മൾ തുടരും എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്ന ഭാവനയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ആശുപത്രികൾ, സ്കൂളുകൾ, വാട്ടർ മെട്രോ തുടങ്ങിയ വികസന പദ്ധതികൾക്കൊപ്പം ക്ഷേമ പെൻഷൻ വിതരണവും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭാവന ബൈക്കിൽ വിവിധ മേഖലകളിലൂടെ സഞ്ചരിക്കുന്നതാണ് പരസ്യത്തിന്റെ പ്രമേയം.
സെറ്റല്ലേ… നമ്മളീ യാത്ര തുടരും എന്ന ഭാവനയുടെ വാക്കുകളോടെയാണ് വീഡിയോ അവസാനിക്കുന്നത്. പെൺപോരാട്ടത്തിന് എൽഡിഎഫ് സർക്കാർ 3.0 എന്ന ആശയത്തോടെ വനിതാ ദിനത്തിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിന് മുമ്പ് റാപ്പർ വേടൻ ആലപിച്ച “കാത്തിരുന്ന കാലമേ…” എന്ന് തുടങ്ങുന്ന പ്രചാരണ ഗാനവും വൈറലായിരുന്നു. വയനാട് ടൗൺഷിപ്പ് പദ്ധതി, മത്സ്യത്തൊഴിലാളികൾ, ഹരിതകർമ്മ സേനാംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തി “ഒന്നായി തുടരാം, നവകേരളത്തിലേക്ക്” എന്ന ടാഗ്ലൈനോടെയായിരുന്നു ആ ഗാനം പുറത്തിറങ്ങിയത്. 2021-ൽ സിത്താര കൃഷ്ണകുമാർ പാടിയ “അന്തിവിണ്ണിൽ അമ്പിളിക്കല” എന്ന ഗാനവും വലിയ സ്വീകാര്യത നേടിയിരുന്നു. അതേസമയം, ഭാവന അഭിനയിച്ച വീഡിയോ മഞ്ജു വാര്യര്‍ ഫേസ്ബുക്കിൽ പങ്കുവച്ചു.
