തിരുവനന്തപുരം: ഓടുന്ന ട്രെയിനിൽ പുറത്തേക്ക് തള്ളിയിട്ട പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലാണ് പരിക്കേറ്റ ശ്രീക്കുട്ടി (22). തലക്കും നട്ടെല്ലിനും വീഴ്ചയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

പെൺകുട്ടിയുടെ തലയോട്ടിക്ക് പൊട്ടലും ആഴത്തിലുള്ള ക്ഷതങ്ങളും സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം. മെഡിക്കൽ ബോർഡ് രൂപീകരിച്ച് പെൺകുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. മകള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നില്ലെന്ന് ശ്രക്കുട്ടിയുടെ അമ്മ ആരോപണം ഉന്നയിച്ചിരുന്നു.
ഞായറാഴ്ച രാത്രിയാണ് മദ്യലഹരിയിലായിരുന്ന പ്രതി വെള്ളറട പനച്ചുമൂട് വേങ്ങോട് വടക്കിൻകര വീട്ടിൽ സുരേഷ് കുമാർ (50) പെൺകുട്ടിയെ ഓടുന്ന ട്രെയിനിൽനിന്ന് ചവിട്ടി തള്ളിയിട്ടത്. തിരുവനന്തപുരത്തേക്കുള്ള കേരള എക്‌സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റിലായിരുന്നു സംഭവം. തിരുവനന്തപുരം പാലോട് സ്വദേശിനിയാണ് ശ്രീക്കുട്ടി. ഇവർ ട്രാക്കിലേക്ക് തലയടിച്ച് വീഴുകയായിരുന്നു എന്നാണ് വിവരം.
സംഭവത്തിൽ, സുരേഷ് കുമാറിനെ റിമാൻഡ് ചെയ്‌തു. ട്രെയിനിന്റെ വാതിൽക്കൽ നിന്നും പെൺകുട്ടി മാറിയില്ലെന്നും ഇതിന്റെ ദേഷ്യത്തിൽ ചവിട്ടിയിട്ടുവെന്നുമാണ് പ്രതിയുടെ മൊഴി. കോട്ടയത്ത് നിന്നും മദ്യപിച്ചാണ് ഇയാൾ ട്രെയിനിൽ കയറിയതെന്നും ശുചിമുറി ഭാഗത്തായി നിന്നിരുന്ന ഇയാൾ യാതൊരു പ്രകോപനവുമില്ലാതെ ആക്രമണം നടത്തുകയായിരുന്നുവെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
അമിതമായി മദ്യപിച്ച് ട്രെയിനിൽ കയറിയ സുരേഷ് കുമാര്‍ ശുചിമുറിയുടെ ഭാഗത്താണ് നിന്നിരുന്നത്. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ശുചിമുറിയിലേക്ക് പോയ സമയത്താണ് പെണ്‍കുട്ടിക്ക് നേരെ അതിക്രമമുണ്ടായത്. പെൺകുട്ടിയെ റെയില്‍വേ പൊലീസ് കൊല്ലത്തേക്കു പോകുകയായിരുന്ന മെമു തീവണ്ടിയില്‍ വര്‍ക്കല റെയില്‍വേ സ്റ്റേഷനിലെത്തിച്ചു. ഇവിടെനിന്ന് ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെത്തിച്ചശേഷം അവിടെനിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
