
തീരദേശ മേഖലയിലെ യുവതക്കുള്ള സൗജന്യ പി എസ് സി പരിശീലന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു
ലഹരിമുക്ത കേരളത്തിനുവേണ്ടി ഒറ്റക്കെട്ടായി പോരാടുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. തീരദേശ മേഖലയിലെ യുവതി യുവാക്കൾക്കുള്ള സൗജന്യ പി എസ് സി പരിശീലന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ലഹരിക്കെതിരെ സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിൽ വൈവിധ്യമാർന്ന ക്യാമ്പയിനുകളാണ് നടക്കുന്നത്. ദിശാബോധമുള്ള യുവജനങ്ങളെ വളർത്തിയെടുക്കുന്നതിലൂടെ ലഹരി ഉപയോഗത്തെ പൂർണ്ണമായി തുടച്ചുനീക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ രംഗത്ത് മുൻപന്തിയിലുള്ള കേരളത്തിലെ തൊഴിൽസാധ്യത വർധിപ്പിക്കാൻ വേണ്ടിയുള്ള പരിശീലന പദ്ധതികൾ മാതൃകപരമാണ്. വിമുക്തി മിഷൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന സൗജന്യ പി എസ് സി പരിശീലന പദ്ധതികൾ എല്ലാ ജില്ലകളിലും അതിവേഗത്തിൽ നടപ്പാക്കാൻ സാധിക്കട്ടെയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി എക്സൈസ് വകുപ്പും വിമുക്തി മിഷനും കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെയും കോർപ്പറേഷൻ്റെയും ഫിഷറീസ് വകുപ്പിന്റെയും സഹകരണത്തോടെയാണ് തീരദേശ മേഖലയിലെ യുവതക്കായി സൗജന്യ പി എസ് സി പരിശീലന പദ്ധതി ആരംഭിച്ചത്. ജില്ലയിലെ തീരദേശ മേഖലയിലുൾപ്പെട്ട വിവിധ വാർഡുകളിൽനിന്ന് തെരഞ്ഞെടുത്ത 50 യുവതീ യുവാക്കൾക്കാണ് 26 ആഴ്ച നീളുന്ന സൗജന്യ പി എസ് സി പരിശീലനം. വെള്ളയിൽ ഫിഷറീസ് വകുപ്പിൻ്റെ ഓഫീസിൽ എല്ലാ ഞായറാഴ്ചയുമാണ് പരീശീലനം നടക്കുക. പഠനോപകരണങ്ങൾ, അധ്യാപകർ തുടങ്ങിയവ സ്കിൽ ഡെവലപ്പ്മെൻ്റ് സെൻ്റർ നൽകും.
കുറ്റിച്ചിറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ അഹമ്മദ് ദേവർകോവിൽ എം എൽ എ അധ്യക്ഷനായി. വാർഡ് കൗൺസിലർ കെ മൊയ്തീൻ കോയ, ജോയിൻ്റ് എക്സൈസ് കമ്മീഷണർ എം സുഗുണൻ, ഫിഷറീസ് ജോയിൻ്റ് ഡയറക്ടർ ബി കെ സുധീർ കിഷൻ, സ്കിൽ ഡെവലപ്മെൻ്റ് സെൻ്റർ ഡയറക്ടർ ഇൻ-ചാർജ് ഡോ. ടി അബ്ദുൽ നാസർ, വിമുക്തി ജില്ലാ മാനേജർ ടി എം ശ്രീനിവാസൻ, കെ എസ്ഇഎസ്എ സെക്രട്ടറി ബൈജു എന്നിവർ സംസാരിച്ചു.