
തിരുവനന്തപുരം: എഡിജിപി എം.ആർ.അജിത് കുമാറിന് വീണ്ടും അസാധാരണ സംരക്ഷണം തീർത്ത് സർക്കാർ. തൃശൂർ പൂരം കലക്കലിലും പി വിജയനെതിരെ വ്യാജ മൊഴി നൽകിയതിലും അജിത് കുമാറിനെതിരെ നടപടിയാവശ്യപ്പെട്ടുള്ള മുൻ ഡിജിപിയുടെ റിപ്പോർട്ടുകൾ സർക്കാർ മടക്കി. രണ്ടിലും പുതിയ ഡിജിപിയോട് വീണ്ടും അഭിപ്രായം തേടി.
പൂരം കലക്കലിൽ സർക്കാർ പ്രഖ്യാപിച്ചത് ത്രിതല അന്വേഷണം. പൂരം കലങ്ങുമ്പോള്‍ തൃശൂരിലുണ്ടായിരുന്ന എഡിജിപി എം.ആർ.അജിത് കുമാർ, മന്ത്രി കെ.രാജൻ വിളിച്ചിട്ട് പോലും ഫോണ്‍ പോലുമെടുത്തില്ലെന്ന് മുൻ സംസ്ഥാന പൊലിസ് മേധാവി ഷെയ്ക്ക് ദർവേസ് സാഹിബ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. കൃത്യവിലോപം നടത്തിയ എഡിജിപിക്കെതിരെ ഉചിതമായ നടപടി വേണമെന്ന് റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ ആഭ്യന്തര സെക്രട്ടറിയും ശുപാർശ ചെയ്തു.
സ്വർണ കള്ളകടത്തുകാരുമായി ഇൻറലിജൻസ് എഡിജിപി പി.വിജയന് ബന്ധമുണ്ടെന്ന് വ്യാജമൊഴി നൽകിയതിലും നിയമനടപടിക്ക് അനുമതി തേടിയാണ് ഡിജിപിക്ക് റിപ്പോർട്ട് നൽകിയത്. അജിതിനെതിരെ എന്ത് നടപടി ഉണ്ടാകുമെന്ന ആകാംക്ഷക്കിടെ റിപ്പോർട്ടുകൾ മടക്കി സർക്കാർ. മുതിർന്ന ഡിജിപി നൽകിയ റിപ്പോർട്ടിൽ വീണ്ടും അഭിപ്രായം തേടുന്നത് അസാധാരണ നടപടി.