ഗുവാഹാട്ടി: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലും ഇന്ത്യയെ തുറിച്ചുനോക്കി സമ്പൂര്‍ണ തോല്‍വി. രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 549 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഇതിനോടകം രണ്ടു വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പ്രതിസന്ധിയിലാണ്. നാലാം ദിനം കളി അവസാനിക്കുമ്പോള്‍ രണ്ടിന് 27 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ഒരു ദിവസവും എട്ടു വിക്കറ്റും ശേഷിക്കേ ജയത്തിലേക്ക് ഇനിയും 522 റണ്‍സ് കൂടി വേണം. സായ് സുദര്‍ശനും (2), നൈറ്റ് വാച്ച്മാന്‍ കുല്‍ദീപ് യാദവുമാണ് (4) ക്രീസില്‍. യശസ്വി ജയ്‌സ്വാള്‍ (13), കെ.എല്‍ രാഹുല്‍ (6) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

നേരത്തേ രണ്ടാമിന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ 201 റണ്‍സിന് പുറത്തായ ഇന്ത്യ 288 റണ്‍സിന്റെ ലീഡ് വഴങ്ങിയിരുന്നു. മികച്ച ലീഡുണ്ടായിരുന്നിട്ടും ഇന്ത്യയെ ഫോളോ ഓണ്‍ ചെയ്യിക്കാതെ പ്രോട്ടീസ് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.
180 പന്തില്‍ നിന്ന് 94 റണ്‍സെടുത്ത ട്രിസ്റ്റണ്‍ സ്റ്റബ്‌സാണ് ടീമിന്റെ ടോപ് സ്‌കോറര്‍. ടോണി ഡിസോര്‍സി (49), റയാന്‍ റിക്കെല്‍ട്ടണ്‍ (35), വിയാന്‍ മുള്‍ഡര്‍ (35*), ഏയ്ഡന്‍ മാര്‍ക്രം (29) എന്നിവരും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി.
വിക്കറ്റ് നഷ്ടംകൂടാതെ 26 റണ്‍സെന്നനിലയില്‍ നാലാംദിനം ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക പതിയെ സ്‌കോറുയര്‍ത്തി. ഓപ്പണര്‍മാരായ റിക്കെല്‍ട്ടണും എയ്ഡന്‍ മാര്‍ക്രവും ടീമിനെ അമ്പത് കടത്തുകയും ചെയ്തു. എന്നാല്‍ ടീം 59 ല്‍ നില്‍ക്കേ റിക്കെല്‍ട്ടണെ ജഡേജ പുറത്താക്കി. 35 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെ മാര്‍ക്രമിനേയും(29) ജഡേജ കൂടാരം കയറ്റി. നായകന്‍ തെംബ ബാവുമയെ വാഷിങ്ടണ്‍ സുന്ദറും പുറത്താക്കി. അതോടെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സെന്ന നിലയിലായി.
എന്നാല്‍ ടോണി ഡി സോര്‍സിയും ട്രിസ്റ്റണ്‍ സ്റ്റബ്‌സും ക്രീസില്‍ നിലയുറപ്പിച്ചതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. 101 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് നാലാം വിക്കറ്റ് കൂട്ടുകെട്ട് പിരിഞ്ഞത്. 49 റണ്‍സെടുത്ത് സോര്‍സി പുറത്തായെങ്കിലും വിയാന്‍ മുള്‍ഡറുമായി ചേര്‍ന്ന് സ്റ്റബ്‌സ് സ്‌കോറുയര്‍ത്തി. സ്റ്റബ്‌സ് അര്‍ധസെഞ്ചുറി തികയ്ക്കുകയും ചെയ്തു. പിന്നാലെ ദക്ഷിണാഫ്രിക്കയുടെ ലീഡ് 500 കടന്നു. 94 റണ്‍സെടുത്ത് സ്റ്റബ്‌സ് പുറത്തായതിനു പിന്നാലെ ദക്ഷിണാഫ്രിക്ക ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ നാലു വിക്കറ്റ് വീഴ്ത്തി.

