തിരുവനന്തപുരം :
ജനസേവനരംഗത്ത് സജീവമായിരിക്കെ അപ്രതീക്ഷിതമായി വേർപിരിഞ്ഞ കൊല്ലം കോർപ്പറേഷൻ കൗൺസിലറും വിദ്യാഭ്യാസ-കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ (ഡിവിഷൻ 07) ബി.അജിത്ത് കുമാർ(53) ഇനി അഞ്ച് പേരിലൂടെ ജീവിക്കും. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം കുരീപ്പുഴ,തൃക്കടവൂർ കോനവെട്ടത്ത് വീട്ടിൽ ബി. അജിത് കുമാറിന്റെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്തത്.
ഒരു വൃക്കയും കരളും കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് വൈകീട്ട് 3.14 ന്
റോഡ് മാർഗം പ്രത്യേക ഗ്രീൻ കോറിഡോർ ഒരുക്കിയാണ് തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിലെത്തിച്ചത്. വൈകിട്ട് നാലോടെ കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലും 4.14ന് വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിച്ച് അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് കൈമാറി. ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള നീരുമൺകടവ് സ്വദേശിയായ 48കാരനും, രണ്ടാമത്തെ വൃക്ക കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള വർക്കല സ്വദേശിനിയായ 37കാരിക്കും, കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കഴക്കൂട്ടം സ്വദേശിയായ 68കാരനുമാണ് നൽകിയത്. നേത്രപടലങ്ങൾ തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയ്ക്കും കൈമാറി. അവയവദാന തീരുമാനത്തിന് പിന്തുണ നൽകിയ അജിത്ത് കുമാറിന്റെ കുടുംബാംഗങ്ങളോട് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ ആദരവ് അറിയിച്ചു.
.
