സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തിവെയ്ക്കുന്ന സവിശേഷ സാഹചര്യത്തെയാണ് ഷട്ട്ഡൗണ്‍ എന്ന് വിശേഷിപ്പിക്കുന്നത്.
Web DeskWeb DeskOct 3, 2025 – 13:100

യുഎസിൽ അടച്ചുപൂട്ടൽ തുടരാൻ സാധ്യത; ഉദ്യോഗസ്ഥരെ പിരിച്ചുവിടുമെന്ന ഭീഷണിയുമായി ട്രംപ്
ട്രംപ് ഭരണകൂടംഅടച്ചുപൂട്ടല്‍ നിലപാട് കടുപ്പിക്കുന്നു. വരും ദിവസങ്ങളില്‍ നികുതിപ്പണം പാഴാക്കുന്ന ഏജന്‍സികളെ ലക്ഷ്യമിടുമെന്ന് വൈറ്റ്ഹൗസ്. പാഴ് മരങ്ങള്‍ വെട്ടി മാറ്റാന്‍ കിട്ടിയ സുവര്‍ണാവസരമെന്ന് ട്രംപിന്റെ വാദം. സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടല്‍ ഇന്ന് ആരംഭിക്കുമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കുന്നു.എങ്ങനെയാണ് പിരിച്ചുവിടല്‍ എന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ ഒന്നും വ്യക്തമാക്കിയിട്ടില്ല. ഫണ്ടിംഗിനായുള്ള വോട്ടെടുപ്പ് സെനറ്റില്‍ ഇന്ന് വീണ്ടും നടക്കും.

സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുണ്ട്. എന്നാലും 60 വോട്ടുകള്‍ കുറഞ്ഞത് വേണം ബില്‍ പാസാകാന്‍. അതേസമയം, ബജറ്റ് ഡയറക്ടറിനെ കാണുമെന്ന് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഈ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ ലഭ്യമല്ല. നിരവധി ഡെമോക്രാറ്റിക് ഏജന്‍സികളില്‍ ഏതാണ് വെട്ടിക്കുറയ്ക്കുവാന്‍ അദ്ദേഹം ശിപാര്‍ശ ചെയ്യുന്നത് എന്നതിന് അനുസരിച്ച് നീങ്ങുമെന്നാണ് ട്രംപ് പറയുന്നത്.

രാജ്യത്ത് അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതോടെ ഏഴ് ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ ആശങ്കയിലായിരിക്കുകയാണ്. മൂന്ന് ലക്ഷത്തോളം പേരെ പിരിച്ചുവിടാനുള്ള നീക്കങ്ങള്‍ നടക്കുന്നതായി സൂചനകള്‍ പുറത്തുവന്നു. ഉദ്യോഗസ്ഥരെ ഇന്ന് പിരിച്ചുവിടുമെന്നാണ് ട്രംപിന്റെ ഭീഷണി. അതേസമയം ഇന്ന് സെനറ്റില്‍ അവതരിപ്പിക്കാന്‍ പോകുന്ന ഹ്രസ്വകാല ധനവിനിയോഗ ബില്‍ ഡെമോക്രാറ്റുകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഷട്ട് ഡൗണ്‍ നീളുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഒക്ടോബര്‍ ഒന്നിനായിരുന്നു അമേരിക്കയില്‍ അടച്ചുപൂട്ടല്‍ നടപ്പാക്കിക്കൊണ്ട് ഡോണള്‍ഡ് ട്രംപ് ഉത്തരവിറക്കിയത്. അടച്ചുപൂട്ടലിന് ശേഷം അത്യാവശ്യ സര്‍വീസുകള്‍ മാത്രമാണ് നടക്കുന്നത്. അമേരിക്ക ഷട്ട് ഡൗണിലേക്ക് നീങ്ങുകയാണ് എന്ന കാര്യം നേരത്തെ തന്നെ ട്രംപ് അറിയിച്ചിരുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് അനുവദിക്കുന്നതിനുള്ള ധനബില്ല് പാസാക്കുന്നതില്‍ യുഎസ് കോണ്‍ഗ്രസില്‍ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും തമ്മില്‍ ധാരണയില്‍ എത്തിയിരുന്നില്ല. ഇതിന് ശേഷം ചര്‍ച്ചകള്‍ നടന്നെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു. ഇതിന് ശേഷം സെനറ്റില്‍ ഒരു താത്ക്കാലിക ബില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഡെമോക്രാറ്റുകളുടെ പിന്തുണയില്ലാതെ ഇതും പിരിഞ്ഞു. ഇതോടെ ഒരു അടച്ചുപൂട്ടല്‍ ഉണ്ടായേക്കുമെന്ന സൂചന നല്‍കി ട്രംപ് രംഗത്തെത്തി. ചര്‍ച്ചകളില്‍ ഡെമോക്രാറ്റുകള്‍ സാഹസികത കാണിക്കുകയാണെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അടച്ചുപൂട്ടൽ പ്രാബല്യത്തിൽ വന്നത്.

സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തിവെയ്ക്കുന്ന സവിശേഷ സാഹചര്യത്തെയാണ് ഷട്ട്ഡൗണ്‍ എന്ന് വിശേഷിപ്പിക്കുന്നത്.1981 ന് ശേഷം അമേരിക്കയിൽ നിലവിൽ വന്ന പതിനഞ്ചാം ഷട്ട്ഡൗൺ ആണിത്. 2018-19 ഷട്ട്ഡൗണില്‍ 35 ദിവസത്തെ ഭരണസ്തംഭനമുണ്ടായിരുന്നു. ഫെഡറല്‍ സര്‍ക്കാരിന്റെ 12 വാര്‍ഷിക അപ്രോപ്രിയേഷന്‍ ബില്ലുകളാണ് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ടിംഗ് ഉറപ്പാക്കുന്നത്. ഇവ കോണ്‍ഗ്രസില്‍ പാസാകാതെയോ പാസാക്കിയ ബില്ലില്‍ പ്രസിഡന്റ് ഒപ്പിടാതെയോ വന്നാല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ തടസ്സപ്പെടും. നിലവില്‍ ആരോഗ്യ മേഖലയില്‍ നല്‍കി വരുന്ന ധനസഹാം സംബന്ധിച്ചാണ് ഡെമോക്രാറ്റിക്- റിപ്പബ്ലിക് പാര്‍ട്ടികള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കുന്നത്. ഇതില്‍ ഒബാമ കെയറിന് നല്‍കുന്ന സബ്സിഡിയാണ് ട്രംപ് അടക്കമുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരെ ചൊടിപ്പിച്ചത്. ഇത് ഈ നിലയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്നാണ് ഇവരുടെ നിലപാട്. എന്നാല്‍ സബ്സിഡി നിലനിര്‍ത്തണമെന്നാണ് ഡെമോക്രാറ്റ്സിന്റെ വാദം. ഈ നിലയില്‍ അല്ലെങ്കില്‍ സഹകരിക്കില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. വിഷയത്തിൽ ചർച്ച തുടർന്നാലും സബ്സിഡി ഒഴിവാക്കിക്കൊണ്ട് ഒരു തീരുമാനത്തോട് സഹകരിക്കാൻ ഡെമോക്രാറ്റ്സ് തയ്യാറാകാനുള്ള സാധ്യത വിരളമാണ്.

Back To Top