
കിംസ് ആശുപത്രിയുമായി ചേർന്ന് സ്ത്രീകൾക്കായി സൗജന്യ അർബുദ ബോധവത്കരണ ക്യാമ്പയിനൊരുക്കി തിരുവനന്തപുരം കൊമ്പൻസ്
തിരുവനന്തപുരം: സൂപ്പർ ലീഗ് കേരളയുടെ തിരുവനന്തപുരം കൊമ്പൻസിൻ്റെ ഔദ്യോഗിക മെഡിക്കൽ പാർട്ണറും കോ-സ്പോൺസറുമായ കിംസ്ഹെൽത്ത് 40 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് സൗജന്യ മാമോഗ്രാം സ്ക്രീനിംഗ് ഒരുക്കാനും സെർവിക്കൽ കാൻസർ പ്രതിരോധത്തിന് ഷീൽഡ് എച്ച് പി വി വാക്സിനേഷൻ ഡ്രൈവിന് നേതൃത്വം നൽകാനും തീരുമാനിച്ചു.
സ്തനാർബുദത്തെക്കുറിച്ചും സെർവിക്കൽ കാൻസറിനെക്കുറിച്ചും പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായാണ് കിംസ് കാൻസർ സെൻ്റർ സിഎസ്ആർ പദ്ധതിയുടെ ഭാഗമായാണ് ഒക്ടോബർ, നവംബർ മാസങ്ങളിൽ ഈ സൗജന്യ പരിപാടികൾ സംഘടിപ്പിക്കുന്നത്.
ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പുതുതായി ഉദ്ഘാടനം ചെയ്ത കൊമ്പൻസിൻ്റെ സംരംഭമായ കളിക്കാർക്കായി തുറന്ന ഡ്രസ്സിംഗ് റൂമിൽ വച്ചാണ് കിംസ്ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം ഐ സഹദുള്ള പ്രഖ്യാപനം നടത്തിയത്. ശശി തരൂർ എംപിയും സാമൂഹിക പ്രവർത്തകയും കാൻസർ ബോധവത്കരണ പ്രവർത്തകയും അഭിഭാഷകയുമായ നിഷ എം. ജോസും മുഖ്യാതിഥികളായിരുന്നു. സൂപ്പർ ലീഗ് കേരളയുടെ ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും പരിപാടിയിൽ പങ്കെടുത്തു.
ഒക്ടോബറിൽ ലോകമെമ്പാടും ആചരിക്കുന്ന സ്തനാർബുദ അവബോധ മാസത്തിൽ നടത്തുന്ന അർബുദ ബോധവത്കരണപ്രവർത്തനങ്ങളോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കാനായി കൊമ്പൻസ് ഒക്ടോബർ 10ന് അവരുടെ ഹോം ഗ്രൗണ്ട് കൂടിയായ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ പിങ്ക് നിറത്തിലുള്ള ജേഴ്സി ധരിക്കും. തരൂരും നിഷയും ചേർന്നാണ് ഔദ്യോഗികമായി ജേഴ്‌സി അനാച്ഛാദനം ചെയ്തത്.
സംസ്ഥാനത്ത് പ്രമേഹത്തിൻ്റെയും ഹൃദ്രോഗത്തിൻ്റെയും ഉയർന്ന നിരക്ക് കണക്കിലെടുക്കുമ്പോൾ, കേരളം കാൻസറിന്റെ തലസ്ഥാനമായി മാറുന്നത് തടയേണ്ടത് പ്രധാനമാണെന്ന് തരൂർ പറഞ്ഞു. “പ്രാരംഭഘട്ടത്തിൽ തന്നെ അർബുദം കണ്ടെത്തുന്നതും സമയബന്ധിതമായ ചികിത്സ നൽകുന്നതും വളരെ പ്രധാനമാണ്. ലോകമെമ്പാടും ക്യാൻസർ അവബോധം പ്രചരിപ്പിക്കുന്നതിനാണ് ‘പിങ്ക് ഒക്ടോബർ’ ആചരിക്കുന്നത്. ഈ ക്യാംപെയിനിലൂടെ കൊമ്പൻസ് എഫ്‌സി കാൻസർ പ്രതിരോധത്തോടൊപ്പം ഫിറ്റ്‌നസിൻ്റെയും സന്ദേശമാണ് നൽകുന്നത്,” അദ്ദേഹം പറഞ്ഞു.
കാൻസർ അതിജീവിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്ന് നിഷ പറഞ്ഞു. “കാൻസർ ബാധിച്ചതുകൊണ്ടാണ് എനിക്ക് മറ്റുള്ളവരോട് അതിനെക്കുറിച്ച് ആത്മവിശ്വാസത്തോടെ സംസാരിക്കാൻ കഴിയുന്നത്. വർഷത്തിലൊരിക്കൽ നടത്തുന്ന ഒരു മാമോഗ്രാമിന് നിങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള കഴിവുണ്ട്. എല്ലാ മാസവും സ്വയംപരിശോധന നടത്തി താൻ ആരോഗ്യവതിയാണെന്ന് സ്ത്രീകളോരോരുത്തരും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.”
സംരംഭത്തെ പ്രശംസിച്ചു സംസാരിച്ച സൂപ്പർ ലീഗ് കേരള സിഇഒ ജോസഫ് പറഞ്ഞു, “ഈ പരിപാടിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. സൂപ്പർ ലീഗ് കേരളയിലെ ഒരു ടീം നടത്തുന്ന ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്.”
കിംസ്ഹെൽത്ത് കാൻസർ സെൻ്റർ, കിംസ്ഹെൽത്ത് സിഎസ്ആർ എന്നിവയുടെ സിഇഒ രശ്മി ആയിഷ നന്ദി പറഞ്ഞു. ചടങ്ങിൽ കൊമ്പൻസ് എഫ്‌സി എംഡി കെ സി ചന്ദ്രഹാസൻ, സഹ ഉടമ ടി ജെ മാത്യു, ഉപദേശകസമിതി അംഗം ജി വിജയരാഘവൻ, സിഇഒ എൻ എസ് അഭയകുമാർ, പ്രൊമോട്ടർ ടെറൻസ് അലക്സ്, സീനിയർ ആർക്കിടെക്റ്റ് എൻ മഹേഷ്, ഫ്രാഞ്ചൈസി ഉടമകൾ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
കാൻസർ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി സൗജന്യ സ്‌ക്രീനിംഗിലും വാക്‌സിനേഷൻ ഡ്രൈവിലും പങ്കെടുക്കാൻ കിംസ്ഹെൽത്ത് സ്ത്രീകളോട് ആവശ്യപ്പെട്ടു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 7736732221 എന്ന നമ്പറിൽ ബന്ധപ്പെടുക.